12:06am 08 November 2026
NEWS
എം.ആർ.അജിത്കുമാർ സംസ്ഥാന പൊലീസ് മേധാവി ആയാലും അത്ഭുതപ്പെടേണ്ടതില്ല

15/03/2025  08:10 AM IST
nila
എം.ആർ.അജിത്കുമാർ സംസ്ഥാന പൊലീസ് മേധാവി ആയാലും അത്ഭുതപ്പെടേണ്ടതില്ല

സംസ്ഥാന പൊലീസ് മേധാവിയാകാനുള്ള സാധ്യത പട്ടികയിൽ എഡിജിപി എംആർ അജിത് കുമാറും. കേന്ദ്രസർക്കാരിന് സമർപ്പിക്കേണ്ട ആറുപേരുടെ പട്ടികയിലാണ് എം ആർ അജിത് കുമാറും ഇടംപിടിക്കുക. സംസ്ഥാന പൊലീസ് മേധാവി എസ്.ദർവേഷ് സാഹിബ് ജൂൺ 30ന് വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ പൊലീസ് മേധാവിയെ കണ്ടെത്താനുള്ള നടപടികൾ സംസ്ഥാന സർക്കാർ ആരംഭിച്ചത്. 

നിലവിൽ ഏറ്റവും സീനിയറായ ഡിജിപി നിധിൻ അഗർവാൾ, നിലവിൽ ഐബിയുടെ സ്പെഷൽ സെക്രട്ടറിയും കേരള കേഡറിൽ രണ്ടാമനുമായ റാവാഡാ ചന്ദ്രശേഖർ, വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത, എഡിജിപിമാരായ മനോജ് ഏബ്രഹാം, സുരേഷ് രാജ് പുരോഹിത്, എം.ആർ.അജിത്കുമാർ എന്നിവരാകും കേരളം കേന്ദ്രസർക്കാരിന് സമർപ്പിക്കുന്ന പട്ടികയിൽ വരിക. എഡിജിപി മനോജ് ഏബ്രഹാം ജൂലൈ ഒന്നിന് ഡിജിപി തസ്തികയിലെത്തും. ഫയർഫോഴ്സ് ഡിജിപിയായ കെ.പത്മകുമാർ ഏപ്രിലിൽ വിരമിക്കുമ്പോൾ ഡിജിപി തസ്തികയിലെത്തേണ്ടത് സുരേഷ് രാജ് പുരോഹിതാണ്. എന്നാൽ, പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്പിജിയിൽ രണ്ടാമനായ അദ്ദേഹത്തിന് ഒരു വർഷം കൂടി അവിടെ സേവനം നീട്ടി നൽകിയതിനാൽ കേരളത്തിലേക്കില്ല. ആ ഒഴിവിൽ എം.ആർ.അജിത്കുമാർ ഡിജിപി തസ്തികയിലെത്തും. 

സംസ്ഥാന പൊലീസ് മേധാവിയെ തെരഞ്ഞെടുക്കുന്നതിനായി ആറു പേരുടെ പട്ടികയാണ് കേന്ദ്രസർക്കാരിന് സമർപ്പിക്കേണ്ടത്. ഇതിൽ നിന്നും മൂന്നു പേരുകൾ കേന്ദ്രം അം​ഗീകരിച്ച് തിരിച്ചയക്കും. കേന്ദ്രം അം​ഗീകരിക്കുന്ന മൂന്നുപേരിൽ ആരെ വേണമെങ്കിലും സംസ്ഥാന സർക്കാരിന് സംസ്ഥാന പൊലീസ് മേധാവിയായി അവരോധിക്കാം. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img